ഇന്ത്യക്കു ജയം, പക്ഷേ...
Thursday, January 19, 2023 11:48 PM IST
ഭുവനേശ്വർ: എഫ്ഐഎച്ച് പുരുഷ ലോകകപ്പ് ഹോക്കിയിൽ പൂൾ ഡിയിലെ അവസാന മത്സരത്തിൽ ഇന്ത്യ 4-2ന് വെയ്ൽസിനെ തോൽപ്പിച്ചു. ഇന്ത്യക്കായി അകാഷ്ദീപ് സിംഗ് (32’, 45’) ഇരട്ടഗോൾ സ്വന്തമാക്കി. ഷംഷീർ സിംഗ് (21’), ഹർമൻപ്രീത് സിംഗ് (59’) എന്നിവരായിരുന്നു ഇന്ത്യയുടെ മറ്റ് ഗോൾ നേട്ടക്കാർ.
42, 44 മിനിറ്റുകളിലായിരുന്നു വെയ്ൽസിന്റെ ഗോൾ. പൂൾ ഡിയിലെ മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിലും ഇന്ത്യക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഗോൾവ്യത്യാസത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നേരിട്ട് ക്വാർട്ടർ ബെർത്ത് സ്വന്തമാക്കി. ഇന്ത്യക്ക് ഇനി നാല് ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിലൂടെ ക്വാർട്ടറിൽ പ്രവേശിക്കാം.
പൂൾ ഡിയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് 4-0ന് സ്പെയിനിനെ തോൽപ്പിച്ചു. പൂൾ സിയിൽ നെതർലൻഡ്സ് 14-0ന് ചിലിയെ നാണംകെടുത്തി ചാന്പ്യന്മാരായി ക്വാർട്ടറിൽ പ്രവേശിച്ചു. പൂൾ സിയിലെ മറ്റൊരു മത്സരത്തിൽ മലേഷ്യ 3-2ന് ന്യൂസിലൻഡിനെ തോൽപ്പിച്ചു.