ടോക്കിയോ: ഭൂഗോളത്തിലെ വേഗ രാജ്ഞി ആര് എന്ന ചോദ്യത്തിന് ഇന്നു ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ ഉത്തരം ലഭിക്കും. ലോകത്തിലെ അതിവേഗക്കാരെ നിർണയിക്കുന്ന 100 മീറ്റർ സൂപ്പർ പോരാട്ടത്തിന്റെ വനിതാ ഫൈനൽ ഇന്ത്യൻ സമയം രാത്രി 6.20ന്. ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് ആരംഭിക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങൾക്കുശേഷമേ ഫൈനലിൽ ആരൊക്കെ പോരാടും എന്ന ചിത്രം വ്യക്തമാകൂ. 2008, 2012 ഒളിന്പിക്സ് സ്വർണ ജേതാവായ ഷെല്ലി ആൻ ഫ്രേസർ, നിലവിലെ സ്വർണ ജേതാവായ എലെയ്ൻ തോംസണ്, അട്ടിമറിക്കായി മേരി ജോസ് ത ലൂ എന്നിവരാണു വേഗ രാജ്ഞിക്കിരീടത്തിനായി ശക്തമായി രംഗത്തുള്ളത്.
ഒളിന്പിക്സിലെ ഗ്ലാമർ ഇനമായ 100 മീറ്ററിന്റെ പുരുഷ വിഭാഗം പോരാട്ടത്തിനും ഇന്നു തുടക്കമാകും. ഇന്ത്യൻ സമയം രാവിലെ 8.05 ന് പുരുഷ 100 മീറ്റർ ഹീറ്റ്സ് പോരാട്ടം ആരംഭിക്കും. സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ നാളെയാണ്.
ഹീറ്റ്സ് ചിത്രം
ഇന്നലെ നടന്ന വനിതാ 100 മീറ്റർ ഹീറ്റ്സിൽ ഐവറികോസ്റ്റിന്റെ മേരി ജോസ് ത ലൂവാണ് ഏറ്റവും മികച്ച സമയം കുറിച്ച് സെമിയിലേക്കു യോഗ്യത സ്വന്തമാക്കിയത്. നാലാം ഹീറ്റ്സിൽ ഓടിയ ത ലൂ 10.78 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു. റിയോ ഒളിന്പിക് സ്വർണ ജേതാവായ ജമൈക്കയുടെ ഹീര എലെയ്ൻ തോംസണ് ആണു ഹീറ്റ്സിലെ മികച്ച രണ്ടാമത്തെ സമയത്തിന് ഉടമ. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച എലെയ്ന്റെ സമയം 10.82 സെക്കൻഡ്. ഏറ്റവും മികച്ച മൂന്നാമത്തെ സമയവുമായി സെമിയിലേക്കു യോഗ്യത നേടിയത് ഷെല്ലി ആൻ ഫ്രേസർ, 10.84 സെക്കൻഡ്. ഈ മൂവരും തമ്മിലാകും സ്വർണത്തിനായുള്ള ക്ലൈമാക്സ് പോരാട്ടം. നിലവിൽ ലോക ഒന്നാം നന്പർ താരമാണു ഷെല്ലി. എലെയ്ന നാലാം റാങ്കുകാരിയും ത ലൂ മൂന്നാം റാങ്കുകാരിയുമാണ്.
11 സെക്കൻഡ്
ത ലൂ, എലെയ്ൻ, ഷെല്ലി എന്നിവരെക്കൂടാതെ 11 സെക്കൻഡിൽ താഴെ സമയവുമായി 100 മീറ്റർ വനിതാ സെമിയിലേക്ക് മൂന്ന് താരങ്ങൾകൂടി യോഗ്യത നേടിയിട്ടുണ്ട്. സ്വിറ്റ്സർലൻഡ് താരങ്ങളായ അജ്ല ഡെൽ പോന്റെ (10.91), മുജിൻഗ കംബുൻഡി (10.95), ബ്രിട്ടന്റെ ഡാർലി നെയ്റ്റ (10.96) എന്നിവരാണവർ. ത ലൂ, എലെയ്ൻ, ഷെല്ലി എന്നിവർക്കു ശക്തമായ വെല്ലുവിളിയായിരിക്കും ഇവരെന്നു വ്യക്തം. ഹീറ്റ് നന്പർ ഫൈവിൽ തീപ്പൊരി പോരാട്ടത്തിലൂടെയാണു ഷെല്ലി, പോന്റെ എന്നിവർക്കൊപ്പം നൈജീരിയയുടെ നൗകോച്ചയും (11.00 സെക്കൻഡ്) സെമിയിൽ പ്രവേശിച്ചത്.
എലെയ്ൻ, പോന്റെ, ബ്രിട്ടന്റെ ഡൈന സ്മിത്ത്, നൈജീരിയയുടെ ഒകാഗ്ബ്രെ ബ്ലെസിംഗ് തുടങ്ങിയവരാണ് ആദ്യ സെമിയിൽ അണിനിരക്കുന്നത്. ത ലൂ, ജമൈക്കയുടെ ജാക്സണ് ഷെരിക്ക തുടങ്ങിയവർ രണ്ടാം സെമിയിലും ഷെല്ലി ആൻ ഫ്രേസർ, ഡാർലി നെയ്റ്റ എന്നിവർ മൂന്നാം സെമിയിലും അണിനിരക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.