ഷിൻകാങ്സെൻ ട്രെയിൻ എന്നു കേട്ടിട്ടുണ്ടോ... അതെന്തു ട്രെയിൻ എന്നു സംശയിക്കേണ്ട... ബുള്ളറ്റ് ട്രെയിന്റെ ജാപ്പനീസ് നാമമാണു ഷിൻകാങ്സെൻ... ഷിൻകാങ്സെന്നിലെ ശുചിത്വം ഉറപ്പുവരുത്തുന്നവരാണു തെസേയി. ടോക്കിയോയിലെ തെസേയികൾ പൊളിയാണ്, വെറുംപൊളിയല്ല, പൊപ്പൊളി... ഒളിന്പിക്സിന്റെ ആവേശത്തിലേക്കു ലോകം ഒന്നായപ്പോൾ ടോക്കിയോയിലെ വിശേഷങ്ങളും അടുത്തറിയണമല്ലോ, അതാണല്ലോ അതിന്റെ ഒരു ഫീൽ...
ട്രെയിൻ, ക്ലീനിംഗ് എന്നെല്ലാം പറയുന്പോൾ ഇന്ത്യൻ റെയിൽവേയുമായി സ്വപ്നത്തിൽപ്പോലും ബന്ധിപ്പിക്കരുത്. കാരണം, ശുചിത്വത്തിന്റെ കാര്യത്തിൽ ജപ്പാൻകാർ വേറെ ലെവലാണ്, പ്രത്യേകിച്ച് ഷിൻകാങ്സെന്നിലെ. ടോക്കിയോ സ്റ്റേഷനിലേക്ക് ഒരു ബുള്ളറ്റ് ട്രെയിൻ എത്തുന്നതിനു മുന്പുതന്നെ യൂണിഫോം ധരിച്ച ഒരു പറ്റം ആളുകൾ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടിരിക്കും. ആകർഷകമായ യൂണിഫോം, അസംബ്ലിക്ക് എന്നതുപോലെ കൃത്യമായ അകലം പാലിച്ച നീണ്ട നിര, തോൾബാഗിലും ട്രോളിയിലുമെല്ലാം ക്ലീനിംഗിന് ആവശ്യമായ ഉപകരണങ്ങൾ, ഭവ്യതയോടെ തല അല്പം വണങ്ങി അങ്ങനെ... ഒറ്റനോട്ടത്തിൽ ഇവരെല്ലാം ഒരു യാത്രയ്ക്കു പോകുകയാണെന്നേ തോന്നൂ, അത്രയ്ക്കു വെടിപ്പും ചിട്ടയും.
ട്രെയിനിൽനിന്ന് അവസാനത്തെ യാത്രക്കാരും ഇറങ്ങുന്നതോടെ തെസേയി സംഘം ഞൊടിയിടയിൽ അകത്തേക്ക്. തുടർന്ന് അതിവേഗത്തിൽ കൃത്യമായ താളത്തിലും ചന്തത്തിലും തെസേയി നടത്തുന്ന ക്ലീനിംഗ് കണ്ടാൽ ഏവരും അദ്ഭുതപ്പെടും. ഒരു സ്റ്റേജ് ഷോയാണോ എന്നുപോലും സംശയിച്ചുപോകും, അത്രയ്ക്കു സുന്ദരം...
ഓരോ ബുള്ളറ്റ് ട്രെയിനും 12 മിനിറ്റ് മാത്രമാണു സ്റ്റേഷനിൽ നിർത്തുക. ആളുകൾക്കു കയറാനും ഇറങ്ങാനുമുള്ള സമയം കുറച്ചുകഴിഞ്ഞാൽ തെസേയിക്കു ലഭിക്കുക വെറും ഏഴ് മിനിറ്റ് മാത്രം. ആ ഏഴു മിനിറ്റിൽ തെസേയി ഓരോ ബുള്ളറ്റ് ട്രെയിനെയും വൃത്തിയും വെടിപ്പുമാക്കും. 22 അംഗങ്ങളാണ് ഒരു തെസേയി സംഘത്തിലുള്ളത്. ഒരു ദിവസം ക്ലീൻ ചെയ്യുന്നത് ഏകദേശം 20 ട്രെയിനുകളും. ടോക്കിയോയിലെ ഏഴു മിനിറ്റ് അദ്ഭുതം എന്നാണു തെസേയി ക്ലീനിംഗിനെ വിശേഷിപ്പിക്കുന്നത്.
തെസേയി ആകാനുള്ള അഭിമുഖത്തിൽ അധികൃതർ പറയുന്നത് ഇത്രമാത്രം: ‘നമ്മുടെ ജോലി വൃത്തിയാക്കലല്ല, സേവനമാണ്. നിങ്ങൾ ഒരു ക്ലീനർമാത്രമല്ല, ഷിൻകാങ്സെൻ തിയറ്ററിലെ അഭിനേതാക്കളാണ്. കസ്റ്റമേഴ്സിന് ഊഷ്മളമായ ഓർമ നൽകുകയാണ് നമ്മുടെ കർത്തവ്യം’.
അതെ, ഷിൻകാങ്സെൻ തിയറ്ററിലെ അഭിനേതാക്കൾ തകർത്തഭിനയിക്കുകയാണ്...
ടോക്കിയോയിൽനിന്ന് ആൻ ജോബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.