സൂപ്പർ പിഎസ്ജി
Thursday, January 14, 2021 11:46 PM IST
പാരീസ്: ഫ്രഞ്ച് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം പാരി സാൻ ഷെർമയ്ന്. കിരീട പോരാട്ടത്തിൽ മാഴ്സെയെ 2-1ന് പിഎസ്ജി കീഴടക്കി. പരിക്കേറ്റ് വിശ്രമത്തിലായിരുന്നു ബ്രസീൽ സൂപ്പർ താരം നെയ്മർ പിഎസ്ജിക്കായി കളത്തിലിറങ്ങിയ മത്സരംകൂടിയായിരുന്നു. ഇക്കാർഡി (39-ാം മിനിറ്റ്), നെയ്മർ (85- പെനൽറ്റി) എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്. ദിമിത്രി പായെറ്റിലൂടെ (89-ാം മിനിറ്റ്) മാഴ്സെ ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. 65-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരമായാണ് നെയ്മർ കളത്തിലെത്തിയത്.
പുതിയ പരിശീലകൻ മൗറീഷ്യൊ പോച്ചെറ്റീനൊയുടെ കീഴിൽ പിഎസ്ജി നേടുന്ന ആദ്യ കിരീടമാണ്. പോച്ചെറ്റീനൊയുടെ പരിശീലക കരിയറിലെ ആദ്യ കിരീടവും. ടോട്ടനത്തിന്റെ പരിശീലകനായിരിക്കേ പോച്ചെറ്റീനൊ ഇംഗ്ലീഷ് ലീഗ് കപ്പ് (2015) ഫൈനലിലും ചാന്പ്യൻസ് ലീഗ് ഫൈനലിലും (2019) പരാജയപ്പെട്ടിരുന്നു.