ചരിത്രം കുറിച്ച് എഫ്സി ഗോവ
Wednesday, February 19, 2020 11:49 PM IST
ജംഷഡ്പുർ: എഎഫ്സി ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ടീം എന്ന ചരിത്രം കുറിച്ച് എഫ്സി ഗോവ. ഐഎസ്എലിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്നലെ ജംഷഡ്പുർ എഫ്സി യെ 5-0നു തകർത്തെറിഞ്ഞാണ് ഗോവ എഫ്സി ചാന്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കിയത്. ഇന്നലത്തെ ജയത്തോടെ ഗോവ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 18 മത്സരങ്ങളും പൂർത്തിയാക്കിയ അവർ 39 പോയിന്റുമായാണ് ഒന്നാമത് ഫിനിഷ് ചെയ്തത്.
ജംഷഡ്പുരിനെതിരേ ഹ്യൂഗൊ ബൗമസ് (70, 90) ഇരട്ട ഗോൾ സ്വന്തമാക്കി. ഫെറാൻ കൊറോമിനസ് (11), ജാക്കിചന്ദ് സിംഗ് (84), മൗർതാഡ ഫാൾ (87) എന്നിവരും ഗോവയ്ക്കായി ലക്ഷ്യംകണ്ടു. ഇന്നലെ മത്സരത്തിനിറങ്ങുന്പോൾ സമനില ലഭിച്ചാൽ പോലും എഎഫ്സി ചാന്പ്യൻസ് ലീഗിനു യോഗ്യത നേടാമെന്ന അവസ്ഥയിലായിരുന്നു എഫ്സി ഗോവ.