ഖേലോ: റിലേ തെറ്റാതെ കേരളം
Wednesday, January 15, 2020 12:16 AM IST
ഗോഹട്ടി: മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിനു റിലേയിലൂടെ രണ്ട് സ്വർണവും രണ്ട് വെള്ളിയും. അണ്ടർ 17 പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ സാന്ദ്രമോൾ സാബു, പ്രതിഭ വർഗീസ്, സ്റ്റെഫി സാറ കോശി, എൽഗ തോമസ് എന്നിവരുടെ സംഘം മീറ്റ് റിക്കാർഡോടെ (3:52.07 സെക്കൻഡ്) സ്വർണത്തിൽ മുത്തമിട്ടു.
ആൺകുട്ടികളുടെ 4x400 അണ്ടർ 17 പോരാട്ടത്തിൽ കേരളം വെള്ളി നേടി. ആർ.കെ. വിശ്വജിത്ത്, മുഹമ്മദ് ഹന്നാൻ, കെ. അഭിജിത്, എസ്. അക്ഷയ് എന്നിവരായിരുന്നു കേരളത്തിനായി ഇറങ്ങിയത്. പെൺകുട്ടികളുടെ അണ്ടർ 21 വിഭാഗം 4x400 റിലേയിൽ ഗൗരിനന്ദന, പ്രിസ്കില്ല ഡാനിയേൽ, കെ.എം. നിബ, എ.എസ്. സാന്ദ്ര എന്നിവരുൾപ്പെട്ട കേരള ടീം 3:48.98 സെക്കൻഡോടെ റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കി. ആൺകുട്ടികളുടെ അണ്ടർ 21 വിഭാഗം 4x400 മീറ്ററിൽ കേരളം വെള്ളി നേടി. എ. രോഹിത്, പി.എം. നവനീത്, അഖിൽ ബാബു, അനന്ദു വിജയൻ എന്നിവരായിരുന്നു ടീം.
പെൺകുട്ടികളുടെ അണ്ടർ 21 ഹൈജംപിൽ എം. ജിഷ്ന (1.73 മീറ്റർ) സ്വർണം നേടിയപ്പോൾ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയ് റിക്കാർഡോടെ (13.91 സെക്കൻഡ്) ഒന്നാമതെത്തി.