ട്രാക്ക് ഏഷ്യകപ്പ് സൈക്ലിംഗിൽ മലയാളിത്തിളക്കം
Tuesday, September 10, 2019 11:33 PM IST
കോഴിക്കോട്: ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ട്രാക്ക് ഏഷ്യകപ്പ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളായ ഇന്ത്യൻതാരം അലീന റെജിക്കും സനുരാജിനും വെങ്കലം. കോഴിക്കോട് തിരുവമ്പാടി ഇരുമ്പകം പുതുപ്പറമ്പിൽ റെജി പി. ചെറിയാൻ- മിനി ദമ്പതികളുടെ മകളാണ് ഇന്ത്യൻ റെയിൽവേതാരം കൂടിയായ അലീന.
ടീം സ്പ്രിന്റ് ഇനത്തിലാണ് അലീന-ഡെബോറ ജോടി വെങ്കലം കരസ്ഥമാക്കിയത്. ആൻഡമാൻ - നിക്കോബാർ ദ്വീപ് സ്വദേശിനിയായ ഡെബോറ നിലവിൽ ആൻഡമാൻ പോലീസിന്റെ താരമാണ്. തിരുവനന്തപുരം സ്വദേശിയായ സനുരാജിനും ടീം സ്പ്രിന്റ് ഇനത്തിലാണ് വെങ്കലം. ഇന്ത്യൻ എയർഫോഴ്സ്താരമാണ് സനുരാജ്. മുപ്പത് രാജ്യങ്ങളിൽനിന്നുള്ള മുന്നൂറോളം താരങ്ങൾ ട്രാക്ക് ഏഷ്യാകപ്പ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
മലയോര ഗ്രാമമായ തിരുവമ്പാടിയിലെ കര്‍ഷകകുടുംബത്തിലെ അംഗമായ അലീന മുന്‍ ഇന്ത്യന്‍ പരിശീലകന് ചന്ദ്രന് ചെട്ട്യാരുടെ കീഴിൽ തിരുവനന്തപുരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലാണ് ആദ്യം പരിശീലനം നടത്തിയത് . നിലവിൽ ന്യൂഡൽഹി സായ് കേന്ദ്രത്തിലാണ് പരിശീലനം. അമേരിക്ക, ജർമനി, ഇംഗ്ലണ്ട്, ഇറ്റലി, മലേഷ്യ, ഹോങ്കോംഗ്, കൊളംബിയ, ലോസ് ആഞ്ചലസ്, തുർക്മെനിസ്ഥാൻ, നെതർലൻഡ്സ്, ഓസ്ട്രേലിയ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച അലീന റെജി ഡസൻകണക്കിന് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. അല്‍ക, അമലു എന്നിവര്‍ സഹോദരങ്ങളാണ്.