കൊച്ചി : ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന പ്രോ വോളിബോൾ ലീഗിൽ (പിവിഎൽ)കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ടീം ജഴ്സിയും ടീം സോംഗും അവതരിപ്പിച്ചു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടീം ഉടമകളായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഡയറക്ടർമാരായ തോമസ് മുത്തൂറ്റ്, തോമസ് ജോണ്‍ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, കോച്ച് ടി. സി. ജ്യോതിഷ് തുടങ്ങിയവർ ചേർന്നാണ് ജഴ്സിയുടെയും സോംഗിന്റെയും അവതരണം നിർവഹിച്ചത്.
പ്രോ വോളിബോൾ ലീഗിലൂടെ കേരളത്തിന്റെ തനത് കായിക വിനോദമായ വോളിബോൾ പഴയകാല പ്രതാപത്തിലേക്കു തിരിച്ചെത്തുമെന്ന് തോമസ് മുത്തൂറ്റ് പറഞ്ഞു. അന്താരാഷ്ട്ര മേഖലയിൽ കഴിവു തെളിയിച്ച ബ്ലൂ സ്പൈക്കേഴ്സിന്റെ താരങ്ങളിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡേവിഡ് ലീ, ആന്ദ്രേ പതുക് തുടങ്ങിയ വിദേശ കളിക്കാരുൾപ്പെടുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സിൽ ഇന്ത്യൻ ഇന്റർ നാഷണലുകളായ എസ്. പ്രഭാകരൻ , മോഹൻ ഉഗ്ര പാണ്ഡ്യൻ, കെ. പ്രവീണ്‍ കുമാർ, സുരേഷ് ചന്ദ്ര കോയ് വാൾ, മുജീബ്, ഹരിപ്രസാദ്, മനു ജോസഫ്, പി. രോഹിത്, സുജോയ് ദത്ത, അങ്കുർ സിംഗ്, വിനായക് രോഖഡേ, എസ്.വി. ഗുരു പ്രശാന്ത് തുടങ്ങിയവർ അണിനിരക്കും.
ആദ്യപാദത്തിൽ 12 മത്സരങ്ങൾ കൊച്ചിയിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ചെന്നൈയിലുമാണ് നടക്കുക. ആറു ടീമുകളാണ് പ്രോ വോളിബോൾ ലീഗിൽ പരസ്പരം ഏറ്റുമുട്ടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.