കല്യാണി (കോൽക്കത്ത): പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങേകാൻ കോൽക്കത്തയിലെ ഫുട്ബോൾ സമൂഹം കൈകോർത്തു. കേരളത്തിന്റെ അന്താരാഷ്ട്ര ഫുട്ബോളർമാരായ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് കോൽക്കത്ത കല്യാണി ഫുട്ബോൾ സ്റ്റേഡിയത്തിൽ കേരള ഫ്ലഡ് റിലീഫ് മാച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മത്സരശേഷം ഐ.എം. വിജയൻ ഏറ്റുവാങ്ങി.
ഓൾ സ്റ്റാർ റെഡ്സ്, ഓൾ സ്റ്റാർ ബ്ലൂസ് എന്നീ ടീമുകളാണ് ധനശേഖരണ മത്സരത്തിൽ കളിച്ചത്. കളി 1-1 സമനിലയിൽ സമാപിച്ചു. ഇടത് കാലിനേറ്റ പരിക്കു കാരണം ഐ.എം. വിജയൻ കളിക്കളത്തിൽ ഇറങ്ങിയില്ല. റെഡ്സിനെ ജോ പോളും ബ്ലൂസിനെ മുൻ ഇന്ത്യൻ നായകൻ ദേബ് ജിത് ഘോഷും നയിച്ചു.
കേരളത്തെ പ്രതിനിധീകരിച്ച റെഡ്സിൽ ജോപോളിനൊപ്പം മുൻ ഇന്ത്യൻ ഇന്റർനാഷണലുകളായ എം.സുരേഷ് , രാമൻ വിജയൻ , ഡെൻസൻ ദേവദാസ് , റഹിം നബി , സന്ദീപ് നന്ദി , ദീപാങ്കർ റോയ് , സതീഷ് ഭാരതി തുടങ്ങിയവരും മുൻ എഇ കൊച്ചിൻ താരം ദിനേശ് നായർ, ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ തുടങ്ങിയവരും കളിച്ചു.
ബംഗാളി താരങ്ങൾ കളിച്ച ബ്ലൂസിൽ ദേബ് ജിതിനൊപ്പം ദീപേന്ദു ബിശ്വാസ്, ദീപക് മണ്ഡൽ, ബിശ്വജിത് മണ്ഡൽ , സൗമിക് ഡേ, ചന്ദൻ ദാസ്, അഭിജിത് മണ്ഡൽ, സുരജിത് ബോസ്, സൗമിത്ര ചക്രവർത്തി, പ്രശാന്തൊ ചക്രവർത്തി, സംഗ്രാം മുഖർജി , ഹേമന്ദ ദോറ തുടങ്ങിയവരും അണിനിരന്നു. റെഡ്സിനെ രാമൻ വിജയനാണ് മുന്നിൽ എത്തിച്ചത്. ദീപേന്ദു ബിശ്വാസ് ബ്ലൂസിന്റെ സമനില ഗോൾ നേടി. സംഘാടക സമിതി കണ്വീനർ ദേബാശിഷ് കുമാർ, കല്യാണി മുനിസിപ്പൽ ചെയർമാൻ സുശീൽ കുമാർ തലൂക്ദാർ, ഫാഷൻ ഡിസൈനർ അഗ്നി മിത്ര പോൾ , കോഓർഡിനേറ്റർ പാർഥൊ ആചാര്യ തുടങ്ങിയവർ ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന തുക കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.