ക്യുആര്‍ അധിഷ്ഠിത കോയിന് വെന്‍ഡിംഗ് മെഷീന് പുറത്തിറക്കി ഫെഡറല്‍ ബാങ്ക്
Tuesday, September 10, 2024 10:52 PM IST
കൊച്ചി: രാജ്യത്തെ ആദ്യ ക്യുആര്‍ അധിഷ്ഠിത കോയിന് വെന്‍ഡിംഗ് മെഷീന് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി.
കോഴിക്കോട് പുതിയറ ബ്രാഞ്ചില്‍ സ്ഥാപിച്ച മെഷീന്, ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫീസറും ഗ്രൂപ്പ് പ്രസിഡന്റുമായ ജോണ്സണ് കെ. ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കോഴിക്കോട് സോണ്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ എ. സുതീഷ് സന്നിഹിതനായിരുന്നു.
നാണയം വിതരണം ചെയ്യുന്ന പരമ്പരാഗത മെഷീനുകളേക്കാള്‍ ലളിതമായ ഈ സംവിധാനം ചെറുകിട കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സൗകര്യപ്രദമാണ്. ഈ സംവിധാനത്തിലൂടെ 24 മണിക്കൂറും ഏതു ബാങ്കിന്റെ ഇടപാടുകാര്‍ക്കും നാണയങ്ങള്‍ ലഭ്യമാകുമെന്ന് ജോണ്സണ് കെ. ജോസ് പറഞ്ഞു.