കേരള ബാങ്ക് ഐടി സംയോജനം ഡിസംബറിൽ പൂർത്തിയാകും: ഗോപി കോട്ടമുറിക്കൽ
Tuesday, November 29, 2022 11:50 PM IST
കൊച്ചി: കേരള ബാങ്കിന്റെ ഐടി സംയോജനം ഡിസംബറിൽ പൂർത്തിയാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കേരള ബാങ്കിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളത്തു നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി സംയോജനത്തിന്റെ സുപ്രധാന കടന്പകൾ ബാങ്ക് പിന്നിട്ടുകഴിഞ്ഞു. വിരൽത്തുന്പിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാകും വിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്യൂ ആർ കോഡ് ഉപയോഗിച്ച് മൊബൈലിൽ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ വിവിധ സ്കീമുകളും മനസിലാക്കാൻ കഴിയുന്ന 2023 വർഷത്തെ കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്തു.
വാർഷികത്തോടനുബന്ധിച്ച് എറണാകുളം കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററിൽ രാവിലെ ബാങ്ക് പ്രസിഡന്റ് പതാക ഉയർത്തി.
ബാങ്ക് ഭരണ സമിതിയംഗം അഡ്വ. പുഷ്പ ദാസ്, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ, ചീഫ് ജനറൽ മാനേജർ എ.ആർ. രാജേഷ്, ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു പി. ജോർജ് എന്നിവർ പങ്കെടുത്തു.