മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റുകിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്നു പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായി വേർതിരിക്കാം. 1. ഹ്രസ്വകാല മൂലധനനേട്ടം 2. ദീർഘകാല മൂലധനനേട്ടം. മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നതു നികുതിദായകന്റെ സ്വത്തുക്കളെയാണ്. അവ ബിസിനസുമായോ പ്രഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല.
എന്നാൽ, താഴെ പറയുന്ന സ്വത്തുക്കളെ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല. 1. വ്യാപാരസ്ഥലത്തെ സ്റ്റോക്ക് ഇൻ-ട്രേഡ്, 2. വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ - വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ മുതലായവ 3. നഗരപരിധിയിലല്ലാത്ത കൃഷിഭൂമി 4.6.5% ഗോൾഡ് ബോണ്ട് 1977, 7ശതമാനം ഗോൾഡ് ബോണ്ട് 1980. നാഷണൽ ഡിഫൻസ് ബോണ്ട് 1980, 5.സ്പെഷൽ ബെയറർ ബോണ്ട് 1991, 6) 1999ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട്, 2015-ലെ ഗോൾഡ് മോണിറ്റെസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ മൂലധന ആസ്തികളിൽ പെടുന്നതല്ല.
വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പയുന്നവ ഉൾപ്പെടുത്താവുന്നതല്ല. 1) ജ്വല്ലറി, 2) പുരാവസ്തുക്കൾ, 3) ഡ്രോയിംഗ്സ്, പെയിന്റിംഗ്സ് മുതലായവ 4) ആർട്ട് വർക്കുകൾ, 5) വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെതന്നെ ഫർണിച്ചറുകളും മറ്റും സ്വർണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കാവുന്നതാണ്.
കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുതസ്ഥലം സ്ഥിതിചെയ്യുന്ന ലൊക്കേഷനെയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്. 10,000-ൽ താഴെ ജനവാസമുള്ള മുനിസിപ്പൽ ഏരിയകളിലെ കൃഷിഭൂമികളും 10,000 ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളും കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.
ഒരു ലക്ഷത്തിനു മുകളിലും 10 ലക്ഷത്തിൽതാഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽ നിന്നും ആറു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള സ്ഥലങ്ങളുടെ അതിർത്തിയിൽനിന്നും എട്ടു കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളെയും കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.
ഒരു മൂലധന ആസ്തി ബിസിനസിൽ ഉപയോഗിച്ചാലും അവയെ മൂലധന ആസ്തിയായിതന്നെ കണക്കാക്കാം. എന്നാൽ, തേയ്മാനച്ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൈവശം സുക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ, അവ വിൽക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് വാങ്ങിച്ചിരിക്കുന്നതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല.
(തുടരും)
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.