വ്യാജപ്രചാരണങ്ങൾക്കു തടയിടാൻ ട്വിറ്റർ
Friday, February 21, 2020 11:15 PM IST
സാൻഫ്രാൻസിസ്കോ: തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനു തടയിടാനൊരുങ്ങി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. രാഷ്ട്രീയ നേതാക്കളോ മറ്റ് സെലിബ്രറ്റികളോ ട്വീറ്റ് ചെയ്യുന്ന വ്യാജ സംഗ്രഹങ്ങൾ ഓറഞ്ച്, ചുവപ്പ് തുടങ്ങിയ കടും നിറങ്ങളിൽ അടയാളപ്പെടുത്താനും അവയ്ക്കു താഴെ ’ഗുരുതരമായി തെറ്റിദ്ധരിപ്പിക്കുന്നത്’ എന്ന അടിക്കുറിപ്പ് നൽകാനും ട്വിറ്റർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിനു പുറമേ വ്യാജ ട്വീറ്റുകളോടൊപ്പം അതു സംബന്ധിച്ച ശരിയായ വിവരങ്ങൾ നൽകാനും ട്വിറ്റർ പദ്ധതിയിടുന്നുണ്ട്. എന്നാൽ, എന്നാണ് ഈ സംവിധാനങ്ങളെത്തുന്നതെന്നു വ്യക്തമായിട്ടില്ല. അതേസമയം, വ്യാജസന്ദേശങ്ങൾ തടയാൻ വിവിധ പദ്ധതികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു ട്വിറ്റർ വക്താവ് അറിയിച്ചു.