കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇൻഡസ് എന്റർപ്രണേഴ്സി(ടൈ)ന്റെ കേരള ഘടകമായ ടൈ കേരള സംഘടിപ്പിക്കുന്ന ദ്വിദിന ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം 2018ന് കൊച്ചി ലേമെറിഡിയൻ കണ്വൻഷൻ സെന്ററിൽ തുടക്കമായി. ഇൻഫോസിസ് സഹസ്ഥാപകനും മുൻ എംഡിയുമായ എസ്.ഡി. ഷിബുലാൽ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളോട് ക്രിയാത്മകമായി പ്രതികരിക്കാനും തരണം ചെയ്യാനും പൂർവാധികം ശക്തിയോടെ തിരിച്ചു വരാനുമുള്ള നൈസർഗിക കഴിവ് മറ്റേത് സമൂഹത്തേക്കാളും മലയാളികൾക്കുണ്ടെന്ന് കഴിഞ്ഞുപോയ പ്രളയത്തിൽ നിന്ന് വ്യക്തമാവുന്നതായി അദ്ദേഹം പറഞ്ഞു.
ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാർ അധ്യക്ഷത വഹിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏഴാമത് ടൈം സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റീബിൽഡ് കേരള ലിവറേജിംഗ് ഓൺട്രപ്രണർഷിപ് ആൻഡ് എമർജിംഗ് ടെക്നോളജീസ് എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ടൈ കേരള സീനിയർ വൈസ് പ്രസിഡന്റ് അജിത് എ. മൂപ്പൻ, മുൻ പ്രസിഡന്റ് രാജേഷ് നായർ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നായർ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ജി. മാത്യു എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
സംരംഭകർക്ക് നൂതന ആശയങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കാനുള്ള ടെക്നോളജി എക്സ്പോയുടെ ഉദ്ഘാടനം ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ചെയർമാൻ ഏലിയാസ് ജോജും ഡോ. സജി ഗോപിനാഥും ചേർന്ന് നിർവഹിച്ചു.
സമ്മേളനത്തിന്റെ ഒന്നാം ദിവസം വിവിധ സെഷനുകളിലായി പ്രശസ്ത ആർകിടെക്റ്റുകളായ മിക്കി ദേശായി, അമിറ്റി യൂണിവേഴ്സിറ്റി പ്രഫ. കെ.ടി. രവീന്ദ്രൻ, സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആർക്കിടെക്റ്റ് പീറ്റർ റിച്ച് സോത്ത്, വയലിനിസ്റ്റും ആർട്ട് ഓൺട്രപ്രണറുമായ ഡോ. എൽ. സുബ്രഹ്മണ്യം എന്നിവർ പ്രസംഗിച്ചു.
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, ഹോം ഗ്രോണ്‍ ബയോടെക് മാനേജിംഗ് പാർട്ട്ണർ ജോസ് ജേക്കബ് കൊണ്ടോപറന്പിൽ, ഹാരിസണ്‍ മലയാളം ഡയറക്ടർ ധർമരാജ്, ഐ സപ്പോർട്ട് ഫാർമിംഗ് ഡയറക്ടർ വിജയകുമാർ മണി, സ്റ്റെർലിംഗ് ഗ്രൂപ്പ് എംഡി ശിവദാസ് ബി. മേനോൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ആരോഗ്യ രംഗത്ത് സംരംഭകത്വം സൃഷ്ടിക്കുന്ന നിർണായക മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾ കിംസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. എം.ഐ. സഹദുള്ള, ധാത്രി ആയുർവേദ എംഡി ഡോ.എസ്. സജികുമാർ, ആസ്റ്റർ ഹോസ്പിറ്റൽ സിഇഒ ഡോ. ഹരീഷ് പിള്ള, ഡോ. രാജീവ് ജയദേവൻ (സണ്‍റൈസ് ഹോസ്പിറ്റൽ) എന്നിവർ നയിച്ചു.
വ്യവസായ ഐടി വകുപ്പുകളുടെയും, കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും, കെഎസ്ഐഡിസിയുടെയും പിന്തുണയോടെയാണ് സമ്മേളനം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.