ഓവല്‍ ഓഫീസില്‍ ഏറ്റവും പ്രാധാന്യമുള്ളത് പ്രസിഡന്റിന്റെ മേശയും കസേരയുമാണ്. റസലൂട്ട് ഡെസ്ക് എന്നാണിത് അറിയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച അതേ ഡസ്കാണ് ബൈഡനും ഉപയോഗിക്കുന്നത്. എച്ച്എംഎസ് റസലൂട്ട് എന്ന കപ്പലിലെ ഓക്ക് തടിയില്‍ തീര്‍ത്ത് 1880ല്‍ വിക്ടോറിയ രാജ്ഞി സമ്മാനിച്ച ഡെസ്കാണിത്.
അമേരിക്കയില്‍ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റായിരുക്കുകയും (1933-1945) മഹാസാമ്പത്തിക മാന്ദ്യത്തെയും രണ്ടാം ലോകയുദ്ധത്തെയും വിജയകരമായി നേരിടുകയും ചെയ്ത ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിന്റെ വലിയ പെയിന്റിംഗ് പ്രസിഡന്റിന്റെ നേരേ എതിര്‍വശത്തുണ്ട്. പരസ്പരം കലഹിച്ചിരുന്ന മുന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെയും അദ്ദേഹത്തിന്റെ ട്രഷറി സെക്രട്ടറി ഹാമില്‍ട്ടണിന്റെയും എതിര്‍വശങ്ങളിലേക്കു നോക്കിയിരിക്കുന്ന പെയിന്റിംഗ് വ്യത്യസ്ത ആശയങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഇടമുണ്ടെന്ന സന്ദേശം നല്കുന്നു.
ഏബ്രഹാം ലിങ്കണ്, തോമസ് ജെഫേഴ്സണ്‍ എന്നിവരുടെ പെയിന്റിംഗ് തൊട്ടടുത്ത്. തൊഴിലാളി നേതാവ് സിസാറിയോ ഷെവാസ്, മാര്ട്ടിന് ലൂതര്‍ കിംഗ്, ജോര്‍ജ് വാഷിംഗ്ടണ്‍, റോബര്‍ട്ട് കെന്നഡി തുടങ്ങിയ പ്രമുഖരുടെ അര്‍ധകായ പ്രതിമകളും മുറിയിലുണ്ട്. ചന്ദ്രനില്നിന്നുകൊണ്ടുവന്ന പാറക്കഷണങ്ങള്‍ ബുക്ക് ഷെല്‍ഫില്‍ വച്ചിരിക്കുന്നു.
വെള്ള മാര്‍ബിളിലുള്ള ഫയര്‍ പ്ലേസ്, അമേരിക്കന്‍ പ്രസിഡന്റിന്റെ സീല്‍, മേശയ്ക്കു പിറകിലുള്ള അമേരിക്കന്‍ പതാക, പ്രസിഡന്റിന്റെ പതാക എന്നിവ മാറാറില്ല. ഓവല്‍ ഓഫീസിനോട് ചേര്‍ന്നുള്ള സിറ്റുവേഷന് റൂമിലാണ് നിര്‍ണായക സമയങ്ങളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. 24 മണിക്കൂറും ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ ഇവിടെനിന്ന് വീക്ഷിക്കുന്നു. തൊട്ടടുത്തുള്ള കാബിനറ്റ് റൂമില്‍ നടക്കുന്ന പ്രതിവാര മന്ത്രിസഭായോഗത്തില്‍ 25 പേരാണ് പങ്കെടുക്കുന്നത്. യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന പ്രസിഡന്റിന്റെ കസേരയ്ക്ക് നേരിയ ഉയരക്കൂടുതലുണ്ട്.
സത്യസന്ധരും വിവേകമതികളുമായ വ്യക്തികള്‍ ഇവിടെയിരുന്നു ഭരിക്കട്ടെയെന്ന മുന്‍ പ്രസിഡന്റ് ജോണ്‍ ആദംസിന്റെ വാക്കുകള്‍ ഡൈനിംഗ് റൂമില്‍ ഉദ്ധരിച്ചിരിക്കുന്നു. പുതിയ പ്രസിഡന്റിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് വൈറ്റ്ഹൗസ്.