സുനിതയെ കൊണ്ടുവരാൻ പേടകമെത്തി
Monday, September 30, 2024 12:34 AM IST
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ മടക്കിയെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഇതിനായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഇന്നലെ സ്റ്റേഷനിലെത്തി. അതേസമയം, മടക്കം ഫെബ്രുവരിയിൽ ആയിരിക്കും.
അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളെയാണു ഡ്രാഗൺ പേടകത്തെ സ്റ്റേഷനിലെത്തിച്ചത്. നാലു പേർക്കു കയറാവുന്ന ഡ്രാഗൺ പേടകത്തിൽ രണ്ടു സീറ്റ് ഒഴിച്ചിട്ടു.
സുനിതയും വിൽമറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ജൂണിലാണ് ബഹിരാകാശ സ്റ്റേഷനിലെത്തിയത്. പേടകത്തിനു സാങ്കേതിക തകരാറുണ്ടായതോടെ ഇവരുടെ മടക്കം നീളുകയായിരുന്നു. പേടകം ആളില്ലാതെ ഭൂമിയിൽ തിരിച്ചിറക്കി.