നാടിനെ വിറപ്പിച്ച മുതലയെ കൊന്നുതിന്നു
Monday, June 17, 2024 12:37 AM IST
കാൻബറ: ഓസ്ട്രേലിയയിൽ ഒരു പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മുതലയെ വെടിവച്ചുകൊന്നു സദ്യയൊരുക്കി. നോർത്തേൺ ടെറിട്ടറിയിലെ ബുല്ലാ പട്ടണത്തിൽ ബുധനാഴ്ചയാണ് 3.63 മീറ്റർ നീളമുള്ള മുതലയെ പോലീസ് വെടിവച്ചുകൊന്നത്.
വർഷാദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽ ബെയിൻസ് നദിയിലെത്തിയ മുതല വൈകാതെ കുട്ടികൾക്കും മുതിർന്നവർക്കും പേടിസ്വപ്നമായി മാറിയിരുന്നു. ഒട്ടേറെ വളർത്തുനായ്കളെ മുതല ഭക്ഷണമാക്കി.
പ്രദേശത്തെ ആദിവാസി നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുതലയെ കൊല്ലാനുള്ള തീരുമാനം പോലീസെടുത്തത്. കൊന്നശേഷം ആദിവാസികൾക്കുതന്നെ കൈമാറി. അവർ മുതലയിറച്ചികൊണ്ട് പരന്പരാഗത രീതിയിൽ സദ്യയൊരുക്കുകയായിരുന്നു.