കമാൻഡർ കൊല്ലപ്പെട്ടു; ഇസ്രയേലിൽ മിസൈൽ വർഷിച്ച് ഹിസ്ബുള്ള
Thursday, June 13, 2024 12:38 AM IST
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ മുതിർന്ന കമാൻഡർ തലെബ് അബ്ദുള്ളയെ ഇസ്രേലി സേന വധിച്ചു.
തെക്കുകിഴക്കൻ ലബനനിൽ ചൊവ്വാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ ഇയാളെയും മറ്റ് മൂന്ന് ഹിസ്ബുള്ള ഭീകരരെയും വധിച്ചതായി സേന അറിയിക്കുകയായിരുന്നു. ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതിനു പ്രതികാരമായി ഇന്നലെ രാവിലെ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് വർഷം നടത്തി. തൊണ്ണൂറോളം റോക്കറ്റുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ടുകൾ. കുറെയെണ്ണത്തെ വെടിവച്ചിട്ടതായി ഇസ്രേലി സേന അറിയിച്ചു. എന്നാൽ കുറെയെണ്ണം ഇസ്രേലി ഭൂമിയിൽ പതിച്ച് തീപിടിത്തമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രേലിസേന വധിക്കുന്ന രണ്ടാമത്തെ സീനിയർ ഹിസ്ബുള്ള കമാൻഡറാണ് അബ്ദുള്ള. വിസാം അൽ താവി എന്ന മറ്റൊരു കമാൻഡറെ ജനുവരിയിൽ വധിച്ചിരുന്നു.
ചൊവ്വാഴ്ച ഇസ്രേലിസേനയുടെ ഡ്രോൺ വീഴ്ത്തുന്നതിന്റെ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടിരുന്നു.