ന്യൂസിലൻഡും ഹമാസിനെ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തി
Friday, March 1, 2024 12:19 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് സർക്കാർ ഹമാസിനെ മുഴുവനോടെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. നേരത്തേ ഹമാസിന്റെ സൈനിക വിഭാഗമായ ഖ്വാസം ബ്രിഗേഡിനെ മാത്രമേ തീവ്രവാദ സംഘടനയായി പരിഗണിച്ചിരുന്നുള്ളൂ.
മറ്റു പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഹമാസിന്റെ രാഷ്ട്രീയവിഭാഗത്തെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ ന്യൂസിലൻഡ് തയാറായിരുന്നില്ല.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനു മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു. അതേസമയം, പലസ്തീൻ ജനതയ്ക്കു സഹായം നല്കുന്നത് തുടരുമെന്നും അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരേ അക്രമങ്ങൾ നടത്തുന്ന ഏതാനും ഇസ്രേലി കുടിയേറ്റക്കാർക്ക് ഉപരോധം ചുമത്തുന്നതായും ന്യൂസിലൻഡ് സർക്കാർ ഇന്നലെ അറിയിച്ചു.