യുകെയിൽ വിദേശവിദ്യാർഥികൾക്കു നിയന്ത്രണം: എതിർത്ത് വിദ്യാഭ്യാസമന്ത്രാലയം
Sunday, June 4, 2023 11:31 PM IST
ലണ്ടൻ: വിദേശവിദ്യാർഥികൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കത്തിൽ എതിർപ്പുമായി വിദ്യാഭ്യാസമന്ത്രാലയം.
സ്വദേശ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുറയാൻ കാരണം വിദേശവിദ്യാർഥികൾ അടയ്ക്കുന്ന ട്യൂഷൻ ഫീസാണെന്നും വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായാൽ അതു തിരിച്ചടിയാകുമെന്നും വിദ്യാഭ്യാസമന്ത്രാലയം ചൂണ്ടിക്കാട്ടിയെന്നു ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. വിദേശവിദ്യാർഥികളിൽനിന്നുള്ള വരുമാനം കുറഞ്ഞാൽ രാജ്യത്തെ നികുതിദായകരിൽനിന്നു കൂടുതൽ പണം കണ്ടെത്തേണ്ടിവരും.
മാത്രമല്ല, സ്വദേശ വിദ്യാർഥികളിൽനിന്നു യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസിനത്തിൽ വലിയ തുക ഈടാക്കേണ്ടിവരുമെന്നും വിമർശനമായി വിദ്യാഭ്യാസമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 2017 മുതൽ ഇംഗ്ലണ്ടിലെ വിദ്യാർഥികളുടെ ഫീസ് 9,250 പൗണ്ടാണ്. 2024ന്റെ തുടക്കം മുതൽ വിദേശവിദ്യാർഥികൾക്കു നിയന്ത്രണം കൊണ്ടുവരാനാണു ഋഷി സുനാകിന്റെ സർക്കാർ ആലോചിക്കുന്നത്.
നീക്കം പ്രാബല്യത്തിലായാൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ ഒഴികെയുള്ള വിദ്യാർഥികൾക്കു കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ കഴിയില്ല. ആഭ്യന്തര സെക്രട്ടറി സ്യുവല്ല ബ്രെവർമാനാണു സർക്കാരിന്റെ പുതിയ നീക്കം സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. 2022 ഡിസംബറിൽ യുകെയിലേക്കുള്ള കുടിയേറ്റം റിക്കാർഡ് നിരക്കിലെത്തിയെന്നു മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.