ആക്സിയം സ്പേസിന്റെ വിക്ഷേപണം വിജയം
Monday, May 22, 2023 11:27 PM IST
ഫ്ളോറിഡ: സൗദി അറേബ്യൻ പൗരൻമാരുമായി ആക്സിയം സ്പേസിന്റെ രണ്ടാം വിക്ഷേപണം വിജയകരം. നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ് പേസ് സെന്റർ ലോഞ്ച് കോംപ്ലക്സ് 39എയിൽനിന്നുമാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു കുതിച്ചത്.
റയാന ബർനാവിയും അലിഅൽ ഖർനിയുമാണ് ആക്സിയം സ്പോസിൽ സഞ്ചരിക്കുന്ന ര ണ്ടു സൗദി പൗരന്മാർ. ബർനാവിയും അൽഖർനിയും ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്ത സൗദി പൗരന്മാരാണ്. 1985ൽ നാസയുടെ ബഹിരാകാശ ദൗത്യത്തിൽ ഒരാഴ്ചയോളം ചെലവഴിച്ച സുൽത്താൻ ബിൻ സൽമാൻ രാജകുമാരനായിരുന്നു ആദ്യത്തേത്. കാൻസർ ഗവേഷകയായ റയാന ബർനാവി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയെന്ന നേട്ടവും സ്വന്തമാക്കി.
റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ റിസര്‍ച്ച് ലബോറട്ടറി ടെക്നീഷനായി ജോലി ചെയ്യുന്ന റയാന ബർനാവി ഒട്ടാഗോ സര്‍വകലാശാലയില്‍നിന്ന് ബയോമെഡിക്കല്‍ സയന്‍സസില്‍ ബിരുദവും അല്‍ഫൈസല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബയോമെഡിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാന്‍സര്‍ സ്റ്റെം സെല്‍ ഗവേഷണത്തില്‍ ഒമ്പത് വര്‍ഷത്തെ പരിചയമുണ്ട്.
ഫൈറ്റർ പൈലറ്റായ സൗദി പൗരൻ അലിഅൽ ഖർനി കിംഗ് ഫൈസൽ എയർ അക്കാദമിയിൽ നിന്ന് എയറോനോട്ടിക്കൽ സയൻസസിൽ ബിരുദം നേടിയിട്ടുണ്ട്. റോയൽ സൗദി എയർഫോഴ്സിലെ ക്യാപ്റ്റനാണ് അദ്ദേഹം, 2,387 മണിക്കൂർ യുദ്ധവിമാനം പറപ്പിച്ചിട്ടുള്ള വ്യക്തിയാണ് അലിഅൽ ഖർനി.
കമാൻഡർ പെഗ്ഗി വിറ്റ്സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്നർ എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റുള്ളവർ. നാലാം തവണയാണ് പെഗ്ഗി വിറ്റ്സൺ അന്താരാഷ്ട്ര സ്പേസ് സെന്ററിലേക്ക് യാത്ര ചെയ്യുന്നത്. പത്ത് ദിവസത്തോളം അന്താരാഷ്ട്ര സെന്ററിൽ ഇവർ ചെലവഴിക്കും. സ്വകാര്യ എയ്റോസ്പേസ് കന്പനിയായ ആക്സിയം സ്പേസ് വിഭാവനം ചെയ്യുന്ന വാണിജ്യ ബഹിരാകാശ നിലയത്തിന്റെ വികസനത്തിനുവേണ്ടി നാലുപേരും പ്രവർത്തിക്കും.
നിലയത്തിൽ 20 പരീക്ഷണങ്ങൾ സംഘം നടത്തും. ആക്സിയം സ്പേസിന്റെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം 2022 ഏപ്രിലിലാണു നടന്നത്. മൂന്നു വ്യവസായികളെയും മുൻ ബഹിരാകാശ സഞ്ചാരി മൈക്കൽ ലോപ്പസ്അലെഗ്രിയയെയും എഎക്സ് 1 ന്റെ ഭാഗമായി ബഹിരാകാശത്തെത്തിയിരുന്നു. 17 ദിവസം അവർ സെന്ററിൽ തങ്ങിയിരുന്നു.