ബാർബഡോസിന്റെ പ്രഥമ പ്രസിഡന്റായി സാന്ദ്ര മേസൺ
Friday, October 22, 2021 1:27 AM IST
ബ്രിജ്ടൗൺ: രാഷ്ട്രപതി സ്ഥാനത്തുനിന്നു ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്ത് റിപ്പബ്ലിക്കാകാൻ ഒരുങ്ങുന്ന കരീബിയൻ രാജ്യം ബാർബഡോസിന്റെ ആദ്യ പ്രസിഡന്റായി സാന്ദ്ര മേസൺ (72) തെരഞ്ഞെടുക്കപ്പെട്ടു.
2018 മുതൽ രാജ്ഞിയുടെ പ്രതിനിധിയായി ഗവർണർ ജനറൽ പദവി വഹിച്ചുവരികയായിരുന്നു ഇവർ. ബുധനാഴ്ച ചേർന്ന പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
രാജ്യം ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിന്റെ 55-ാം വാർഷികദിനമായ നവംബർ 30നു സത്യപ്രതിജ്ഞ ചെയ്യും.
കൊളോണിയൽ ബന്ധങ്ങൾ പൂർണമായി ഉപേക്ഷിച്ച് റിപ്പബ്ലിക്കാകാനുള്ള തീരുമാനം കഴിഞ്ഞ വർഷമാണു ബാർബഡോസ് സർക്കാർ കൈക്കൊണ്ടത്. മൂന്നു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ബാർബഡോസ് കരീബിയൻ ദ്വീപുകളിൽ മെച്ചപ്പെട്ട സാന്പത്തികസ്ഥിതിയുള്ള രാജ്യമാണ്.