ഹെയ്ത്തിയിൽ യുഎസ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി
Monday, October 18, 2021 12:18 AM IST
സാൻ ജുവാൻ (യുഎസ്): കുട്ടികൾ ഉൾപ്പെടെ 17 യുഎസ് മിഷണറിമാരുടെ സംഘത്തെ ഹെയ്ത്തിയിൽ തട്ടിക്കൊണ്ടു പോയതായി വീഡിയോ സന്ദേശം പുറത്തുവന്നു. അനാഥാലയത്തിൽനിന്നു വീട്ടിലേക്കു മടങ്ങും വഴി മിഷണറിമാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘടന അറിയിച്ചു.
ഹെയ്ത്തിയിലെ മിഷണറി ആസ്ഥാനത്തുനിന്ന് അനാഥാലയം സന്ദർശിക്കാൻ പോയവരെയാണു തട്ടിക്കൊണ്ടു പോയതെന്നു യുഎസ് സ്ഥിരീകരിച്ചു. വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഹെയ്ത്തി പ്രസിഡന്റ് ജോവനേൽ മോയിസ് ജൂലൈയിൽ വീട്ടിൽ വെടിയേറ്റ് മരിച്ചതിനുശേഷം രാജ്യത്തെ ക്രമസമാധാനനില തകർന്നു. മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നതു ഹെയ്ത്തിയിൽ പതിവാണ്.