യൂറോപ്യൻ യൂണിയൻ കാർബൺ പുറന്തള്ളൽ 55 ശതമാനം കുറയ്ക്കും
Thursday, April 22, 2021 12:08 AM IST
ബ്രസൽസ്: കാലാവസ്ഥാവ്യതിയാനത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി 2030ഓടെ കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ 55 ശതമാനമെങ്കിലും കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ഇതിനുള്ള നിയമം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു.
കാർബൺ പുറന്തള്ളലിന്റെ തോത് 1990കളിലേതിനു സമാനമാക്കാനാണു യൂണിയൻ ലക്ഷ്യമിടുന്നത്. യൂറോപ്പിനെ 2050ൽ പൂർണമായും പരിസ്ഥിതിസൗഹൃദ ഭൂഖണ്ഡമാക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ബൈഡൻ വിളിച്ച ലോകനേതാക്കളുടെ വെർച്വൽ ഉച്ചകോടി ഉടൻ ആരംഭിക്കാനിരിക്കേയാണ് യൂറോപ്യൻ യൂണിയന്റെ നടപടി. ഹരിതവാതകങ്ങളുടെ പുറന്തള്ളൽ 2030ൽ ഇപ്പോഴത്തേതിന്റെ പകുതിയാക്കാനുള്ള നടപടികൾ ബൈഡൻ പ്രഖ്യാപിച്ചേക്കും.