മോദിക്കായി വ്യോമപാത തുറക്കില്ലെന്നു പാക്കിസ്ഥാൻ
Thursday, September 19, 2019 12:36 AM IST
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. മോദിക്കു വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചിരുന്നതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
കാഷ്മീരിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണു വ്യോമപാതയ്ക്കുള്ള അനുമതി നിഷേധിച്ചതെന്നും ഇക്കാര്യം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചതായും ഖുറേഷി കൂട്ടിച്ചേർത്തു.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്കു പോകുന്നതിനുവേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിന് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നത്. സെപ്റ്റംബർ 21 മുതൽ 27 വരെയാണു മോദിയുടെ അമേരിക്കൻ സന്ദർശനം.
ഐസ്ലാൻഡിലേക്കുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് സെപ്റ്റംബർ ഏഴിനു പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണു പാക്കിസ്ഥാൻ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്.