ഇവിഎമ്മിൽ കൃത്രിമമെന്ന ആരോപണം തള്ളി ചീഫ് ഇലക്ഷൻ കമ്മീഷണർ
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.
തെരഞ്ഞെടുപ്പിൽ പൂർണമായും പങ്കെടുത്തുകൊണ്ട് ജനങ്ങൾ ഈ ആരോപണങ്ങൾക്കു മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളെ സംബന്ധിച്ചുള്ള ആരോപണം നൂറ് ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹരിയാന തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പ്രക്രിയയിൽ കാലതാമസം ഉണ്ടായെന്നും ഇവിഎമ്മുകളിലും തിരിമറി നടന്നുവെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കോണ്‍ഗ്രസ് തയാറായിരുന്നില്ല.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.
20 സീറ്റുകളിൽ തിരിമറി നടന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.അതിൽ ഏഴ് സീറ്റുകളിൽ തിരിമറി നടന്നതിന്റെ രേഖകളടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.