കേജരിവാളിന് ജാമ്യവും സിബിഐക്ക് നിശിതവിമർശനവും; വ്യത്യസ്ത വിധിയുമായി ജഡ്ജിമാർ
Saturday, September 14, 2024 3:04 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ജയിൽമോചിതനായി. ഡൽഹി മദ്യനയക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് അഞ്ചര മാസമായി തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന കേജരിവാളിന് സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്.
അറസ്റ്റിനെ രണ്ടംഗ ബെഞ്ചിലെ ജസ്റ്റീസ് സൂര്യകാന്ത് ശരിവച്ചപ്പോൾ, വൈകിയുള്ള അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും കൂട്ടിലടച്ച തത്തയല്ലെന്നു സിബിഐ തെളിയിക്കണമെന്നും ജസ്റ്റീസ് ഉജ്വൽ ഭൂയാൻ വിമർശിച്ചു.
സിബിഐക്കെതിരേ രൂക്ഷവിമർശനങ്ങളാണ് ജസ്റ്റീസ് ഭൂയാൻ നടത്തിയത്. രണ്ടു ജഡ്ജിമാരും വെവ്വേറെ വിധി പ്രസ്താവിച്ചെങ്കിലും കേജരിവാളിന് ജാമ്യം അനുവദിച്ച സുപ്രധാന വിധിയാണു സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് നടത്തിയത്. വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലാത്തതു കണക്കിലെടുത്താണ് ജാമ്യം നൽകാനുള്ള തീരുമാനത്തിൽ ഇരു ജഡ്ജിമാരും ഏകകണ്ഠമായത്.
സിബിഐയുടെ അറസ്റ്റും ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തീർപ്പും ചോദ്യം ചെയ്തു കേജരിവാൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി വിധി. കഴിഞ്ഞ അഞ്ചിനു വാദം കേട്ടശേഷം വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയറ്റിലോ കേജരിവാൾ സന്ദർശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ജസ്റ്റീസ് ഭൂയാൻ എതിർപ്പ് അറിയിച്ചു. ജുഡീഷൽ അച്ചടക്കവും സഹജഡ്ജിയോടുള്ള ബഹുമാനവും കണക്കിലെടുത്താണ് ഇക്കാര്യത്തിൽ മറിച്ചൊരു നിർദേശം നൽകാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ (പിഎംഎൽഎ) പ്രകാരം കഴിഞ്ഞ മാർച്ച് 21നാണ് ഇഡി കേജരിവാളിനെ ആദ്യം അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായിരുന്നു ഇത്. ഈ കേസിൽ ജാമ്യം കിട്ടിയപ്പോഴാണ് അഴിമതി നിരോധന നിയമപ്രകാരം നേരത്തേ രജിസ്റ്റർ ചെയ്ത കേസിൽ സിബിഐ ജൂണ് 26ന് കേജരിവാളിനെ വീണ്ടും അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിന് ഇടക്കാല ജാമ്യം ലഭിച്ച കേജരിവാൾ 21 ദിവസം കഴിഞ്ഞ് ജൂണ് രണ്ടിന് ജയിലിലേക്കു മടങ്ങി. ഇതേ കേസിൽ കൂട്ടുപ്രതികളായ മനീഷ് സിസോദിയ, കെ. കവിത അടക്കമുള്ളവർക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ജാമ്യവ്യവസ്ഥകൾ
► മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി ഫയലുകളിൽ ഒപ്പിടരുത്.
►കേസിന്റെ മെറിറ്റിനെക്കുറിച്ചു പരസ്യപ്രസ്താവന പാടില്ല.
►വിചാരണക്കോടതിക്കുമുന്പിൽ ഹാജരാകണം.
പോരാട്ടവീര്യം കൂടി: കേജരിവാൾ
ജയിലിൽ അടച്ചതോടെ തന്റെ പോരാട്ടവീര്യവും മനോവീര്യവും നൂറുമടങ്ങ് വർധിച്ചുവെന്ന് ജയിൽമോചിതനായ കേജരിവാൾ പറഞ്ഞു. ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു. ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. സത്യത്തിന്റെ പാതയിലായതിനാൽ ദൈവം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോരാമഴയത്തും നൂറുകണക്കിന് എഎപി പ്രവർത്തകരും നേതാക്കളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് കേജരിവാളിന് ഇന്നലെ രാത്രി നൽകിയത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മന്ത്രി അതിഷി, മനീഷ് സിസോദിയ അടക്കമുള്ള നേതാക്കളും മുഖ്യമന്ത്രിയെ വരവേൽക്കാനെത്തിയിരുന്നു.
"ഉത്തരത്തേക്കാൾ കൂടുതൽ ചോദ്യങ്ങളാണു സിബിഐയുടെ അറസ്റ്റിൽ ഉയരുന്നത്. 22 മാസം അറസ്റ്റ് ചെയ്യാതിരുന്ന സിബിഐ, ഇഡി കേസിൽ കേജരിവാൾ മോചിതനായതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 2022 ഓഗസ്റ്റ് 17ന് രജിസ്റ്റർ ചെയ്ത കേസിൽ കേജരിവാളിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത സിബിഐക്കു തോന്നിയില്ല.'
- ജസ്റ്റീസ് ഉജ്വൽ ഭൂയാൻ
"കേജരിവാളിന്റെ അറസ്റ്റ് നിയമപരമാണ്. നടപടിക്രമങ്ങളിൽ അപാകതയില്ല.'
-ജസ്റ്റീസ് സൂര്യകാന്ത്