ടോയി ട്രെയിനിൽനിന്നു തെറിച്ചുവീണ് കുട്ടി മരിച്ചു
Tuesday, June 25, 2024 1:23 AM IST
ചണ്ഡിഗഡ്: ഓടിക്കൊണ്ടിരുന്ന ടോയി ട്രെയിനിൽനിന്നു വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. എലാന്റെ മാളിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
നാലു ബോഗികളുള്ള ട്രെയിനിന്റെ പിൻഭാഗത്താണ് ബലാച്ചുരിൽനിന്നുള്ള ഷഹബാസും കുടുംബാംഗങ്ങളും ഇരുന്നത്. ട്രെയിൻ വേഗം കുറയ്ക്കാതെ വളവുതിരിച്ചതോടെ നാലാമത്തെ ബോഗി വേർപെട്ടു. ഷെഹബാസ് തെറിച്ചുപോവുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിൻ പ്രവർത്തിപ്പിച്ച ജീവനക്കാരനെതിരേയും മാൾ മാനേജർക്കെതിരേയും മനഃപൂർവമല്ലാത്ത കൊലക്കുറ്റത്തിനു പോലീസ് കേസെടുത്തു.