ഒഎംആർ ഷീറ്റിൽ കൃത്രിമം; ഹർജി അടുത്തയാഴ്ച പരിഗണിക്കും
Tuesday, June 25, 2024 1:23 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യുമായി ബന്ധപ്പെട്ട ഒഎംആർ ഷീറ്റുകളിൽ കൃത്രിമം കാട്ടിയതിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന് ആരോപിച്ചു സമർപ്പിച്ച ഹർജി അടുത്തയാഴ്ച പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റി.
ഇതേ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അതു പിൻവലിക്കാൻ ജസ്റ്റീസുമാരായ മനോജ് മിശ്ര, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽനിന്നു ഹർജി പിൻവലിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അതിനുശേഷം ഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഒഎംആർ ഷീറ്റുകൾ മാറ്റിയതിൽ എൻടിഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഹർജികളെല്ലാം ജൂലൈ എട്ടിന് കോടതി പരിഗണിക്കും.