ജനകീയ എൻട്രി: ആദ്യദിനം ഓട്ടോയിൽ പാർലമെന്റിലെത്തി ഫ്രാൻസിസ് ജോർജ്
Tuesday, June 25, 2024 1:23 AM IST
ന്യൂഡൽഹി: ആദ്യദിനം പാർലമെന്റിലേക്ക് ഓട്ടോറിക്ഷയിലെത്തി ഫ്രാൻസിസ് ജോർജ് എംപി. ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് ചെയ്താണു തന്നെ ജനങ്ങൾ വിജയിപ്പിച്ചതെന്നും ഇതിന്റെ നന്ദി സൂചകമായിട്ടാണ് പാർലമെന്റിലേക്ക് ഓട്ടോയിൽ പുറപ്പെട്ടതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഡൽഹിയിലെ കേരള ഹൗസിൽനിന്നുമാണ് എംപി ഓട്ടോയിൽ യാത്ര തിരിച്ചത്. പാർലമെന്റിൽ എത്തിയശേഷം ഗാന്ധി പ്രതിമയെ വന്ദിച്ച എംപി അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു.
ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കണമെന്നും ജനാധിപത്യം നിലനിൽക്കണമെന്ന ഉറച്ച സന്ദേശമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നൽകിയതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. രാജ്യത്തെ എല്ലാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനാണ് ഇന്ത്യ മുന്നണി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.