അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച
Tuesday, June 25, 2024 1:23 AM IST
അയോധ്യ: ആറു മാസം മുന്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠ നടന്ന അയോധ്യയിലെ രാമക്ഷേത്രത്തിൽ നിർമാണപ്പിഴവ് മറനീക്കി പുറത്തുവന്നു.
കഴിഞ്ഞദിവസം പെയ്ത ആദ്യ മഴയിൽത്തന്നെ ക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹമിരിക്കുന്ന ശ്രീകോവിലിനു മുകളിലെ സീലിംഗിൽനിന്നു വെള്ളം ചോർന്നതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും പറഞ്ഞ അദ്ദേഹം, ക്ഷേത്രത്തിൽനിന്നു വെള്ളം പുറത്തേക്കുപോകാൻ മാർഗമില്ലെന്നും ചൂണ്ടിക്കാട്ടി.
മഴ ശക്തമായാൽ ക്ഷേത്രത്തിൽ പൂജ നടത്തുക അസാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിനു മുകളിൽനിന്ന് മഴവെള്ളം ലീക്ക് ചെയ്യുന്നതായി രാമക്ഷേത്ര നിർമാണ സമിതി ചെയർപേഴ്സൻ നൃപേന്ദ്ര മിശ്രയും പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.