പാർലമെന്റ് സമ്മേളനം ഇന്നുമുതൽ
സ്വന്തം ലേഖകൻ
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ലോക്സഭാ സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും കുറിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും.
ചോദ്യപേപ്പർ ചോർച്ച, ഓഹരി വില കുംഭകോണം തുടങ്ങിയ വിവാദങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്ധമാകാനാണു സാധ്യത. പ്രോട്ടെം സ്പീക്കർ പദവിയിൽനിന്ന് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതും ഇന്ത്യ സഖ്യം സഭയിൽ ഉന്നയിക്കും. എട്ടു തവണ എംപിയായ കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനാൽ സ്പീക്കറെ സഹായിക്കാനുള്ള പാനലിൽനിന്ന് ഇന്ത്യ സഖ്യം എംപിമാർ പിന്മാറാനാണു തീരുമാനം. ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി ആരാകുമെന്നതിൽ ബിജെപി മൗനം തുടരുകയാണ്.