വൈഎസ്ആർസിപി ഓഫീസുകൾക്ക് 42 ഏക്കർ ഭൂമി അനുവദിച്ചെന്ന് ലോകേഷ്
Monday, June 24, 2024 3:54 AM IST
അമരാവതി: ജഗൻ മോഹൻ റെഡ്ഢി സർക്കാർ വൈഎസ്ആർസിപി ഓഫീസുകൾക്കായി 26 ജില്ലകളിലെ 42ഏക്കർ ഭൂമി അനുവദിച്ചെന്ന് ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ്. 33 വർഷത്തേക്ക് വെറും 1000 രൂപയ്ക്കാണ് ഭൂമി പാട്ടത്തിനു നല്കിയതെന്ന് ലോകേഷ് പറഞ്ഞു.
ആന്ധ്രയിലെ വിവിധ മേഖലകളിൽ നിർമിക്കുന്ന വൈഎസ്ആർസിപി ഓഫീസുകളുടെ 19ചിത്രങ്ങൾ ലോകേഷ് എക്സിൽ പുറത്തുവിട്ടു. വിശാഖപട്ടണത്തിനു സമീപം ജഗൻ മോഹൻ റെഡ്ഢിക്കുവേണ്ടി 500 കോടി രൂപ ചെലവിട്ട് നിർമിച്ച കൊട്ടാരസദൃശമായ വലിയ വീട് ഏറെ വിവാദമുയർത്തിയിരുന്നു.
2014-2019 കാലത്തെ ടിഡിപി ഭരണസമയത്ത് പാർട്ടി ഓഫീസുകൾ നിർമിക്കാൻ ആയിരക്കണക്കിനു കോടി രൂപയുടെ ഭൂമി അനുവദിച്ചിരുന്നുവെന്ന് വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു.