ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു
Monday, June 24, 2024 3:54 AM IST
മോത്തിഹാരി: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ പാലമാണ് തകർന്നുവീഴുന്നത്. മോത്തിഹാരിയിലെ ഘോരസഹൻ ബ്ലോക്കിൽ കനാലിനു കുറുകെ നിർമിച്ച 16 മീറ്റർ നീളമുള്ള പാലമാണ് ഞായറാഴ്ച തകർന്നുവീണത്.
അപകടത്തിൽ ആർക്കും പരിക്കില്ല. സംസ്ഥാന റൂറൽ വർക്സ് ഡിപ്പാർട്ട്മെന്റാണ് (ആർഡബ്ല്യുഡി) പാലം നിർമിക്കുന്നത്. ഒന്നരക്കോടി രൂപയാണ് നിർമാണച്ചെലവ്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.