ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: ജർമൻ ഭാഷയിൽ ബി1 ലെവൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 നഴ്സുമാരെ കേന്ദ്ര പ്രാവീണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി ആദരിച്ചു. ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് ആഗോള തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള പ്രോത്സാഹനമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സ്കിൽ ഇന്ത്യാ മിഷനു കീഴിലെ സ്കിൽ ഇന്ത്യാ ഇന്റർനാഷനൽ സംഘടിപ്പിച്ച രണ്ട്, മൂന്ന് മാസ കാലാവധിയുള്ള റസിഡൻഷ്യൽ കോഴ്സ് പൂർത്തിയാക്കിയവരെയാണ് ആദരിച്ചത്.
ഇന്ത്യയെ തൊഴിൽപ്രാവീണ്യം നേടിയവരുടെ ആഗോള ഹബ്ബാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പരിശീലനപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി എന്നീ ബിരുദങ്ങൾ ലഭിച്ചവർക്കാണു പരിശീലനം നൽകുന്നത്. ജർമൻ വംശജരായ ഭാഷാവിദഗ്ധരാണ് പരിശീലകർ.