ഇന്നു നടക്കേണ്ടിയിരുന്ന നീറ്റ്-പിജി പ്രവേശനപരീക്ഷ മാറ്റി
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: ഇന്നു നടത്താനിരുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷ മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി 9.50നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ടത്.
പരീക്ഷ നടത്തുന്ന എൻടിഎയ്ക്കു നേരേ ഉയർന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതുക്കിയ തീയതി ഉടനെ അറിയിക്കുമെന്നും പരീക്ഷയുടെ പവിത്രത ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനുമാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. മെഡിക്കൽ പിജി പ്രവേശനത്തിനുള്ള പരീക്ഷയാണിത്.