തുർക്കിയിലെ ഇന്ത്യൻ സ്ഥാനപതി അന്തരിച്ചു
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: തുർക്കിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. വിരാന്തർ കുമാർ പോൾ(65) അന്തരിച്ചു. ഒന്നര വർഷമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. 1991 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് 65കാരനായ പോൾ.
ഡോ.വിരാന്തർ കുമാർ പോളിന്റെ വേർപാട് ഇന്ത്യൻ വിദേശകാര്യ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും നയതന്ത്രമേഖലയിൽ അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എക്സിൽ കുറിച്ചു. റേച്ചലിനാണ് പോളിന്റെ ഭാര്യ. രണ്ടു പെൺമക്കളുണ്ട്.
2022ൽ പകുതിയോടെ തുർക്കിയിൽ അംബാസിഡറായി നിയമിതനാകുന്നതിനുമുന്പ് കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും സൊമാലിയയിലെ ഇന്ത്യൻ അംബാസിഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, നയതന്ത്ര പ്രതിനിധികൾക്കു പരിശീലനം നൽകുന്ന സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസസിന്റെ ജോയിന്റ് സെക്രട്ടറി, ലണ്ടനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ, വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയിൽ മിനിസ്റ്റർ, മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ കൗൺസലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.