വീണ്ടും നീറ്റ് പരീക്ഷയ്ക്കു ഹാജരാകാൻ അനുവദിക്കണമെന്ന ഹർജിയിൽ എൻടിഎയോട് തീരുമാനമെടുക്കാൻ സുപ്രീംകോടതി
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: മഞ്ഞപ്പിത്തം ബാധിച്ചതിനാൽ നീറ്റ്-യുജി പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിക്ക് നാളെ നടക്കുന്ന പരീക്ഷയിൽ അവസരം നൽകണമെന്ന ഹർജിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് നിലപാടറിയിക്കാൻ സുപ്രീംകോടതി.
നീറ്റ് പരീക്ഷ ആദ്യം നടന്ന മേയ് അഞ്ചിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അഞ്ചു മിനിറ്റിൽ കൂടുതൽ പേന പിടിക്കാൻ സാധിക്കില്ലായിരുന്നു. അതിനാൽ വീണ്ടും അവസരം നൽകണമെന്നാവശ്യപ്പെട്ടു ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ജസ്റ്റീസുമാരായ വിക്രംനാഥ്, എസ്.വി.എൻ. ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നു വൈകുന്നേരം നാലിനുമുന്പായി തീരുമാനം അറിയിക്കാൻ എൻടിഎയ്ക്കു നിർദേശം നൽകി.