നീറ്റിൽ ചെറിയ വീഴ്ച ഉണ്ടായാൽപോലും നടപടി വേണമെന്നു സുപ്രീംകോടതി
Wednesday, June 19, 2024 2:05 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) നടത്തുന്നതിൽ ചെറിയ അശ്രദ്ധ പോലും സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നു സുപ്രീംകോടതി.
പരീക്ഷ സംബന്ധിച്ച് ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കണം. പരീക്ഷയിൽ ക്രമക്കേടുകൾ സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു നിർദേശം.
പരീക്ഷയ്ക്കായി വിദ്യാർഥികൾ എടുത്ത കഠിന പ്രയത്നം മറക്കാനാകില്ലെന്നും പരീക്ഷാ നടത്തിപ്പിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ എൻടിഎ അതു തിരുത്താൻ തയാറാകണമെന്നും ജസ്റ്റീസുമാരായ വിക്രംനാഥ്, എസ്. വി. ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിർദേശിച്ചു.
പരീക്ഷയിൽ കൃത്രിമം കാണിച്ച് ഡോക്ടറാകുന്ന ഉദ്യോഗാർഥി സമൂഹത്തിന് അപകടകാരിയാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശനപരീക്ഷകളിലൊന്നാണു നീറ്റ്. ഇതിനുവേണ്ടി വിദ്യാർഥികളെടുത്ത തയാറെടുപ്പുകൾ എൻടിഎ കാണാതെപോകരുതെന്നും കോടതി ഓർമിപ്പിച്ചു. ജൂലൈ എട്ടിന് കേസുമായി ബന്ധപ്പെട്ട വാദം വീണ്ടും കേൾക്കും.