റെയിൽവേ മന്ത്രി രാജിവയ്ക്കണം: കോൺഗ്രസ്
Wednesday, June 19, 2024 1:32 AM IST
ന്യൂഡൽഹി: കാഞ്ചൻജംഗ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്.
10 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിക്കു സ്ഥാനത്തിരിക്കാൻ ധാർമികാവകാശമില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേന്ദ്ര സർക്കാർ റെയിൽവേയെ ഇല്ലായ്മ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബൈക്കിൽ അപകടസ്ഥലത്തെത്തിയ മന്ത്രിയെ കോൺഗ്രസ് അധ്യക്ഷൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മോദി സർക്കാരിന്റെ അനാസ്ഥയാണ് റെയിൽവേയെ തകർത്തത്. ട്രെയിൻ അപകടം ഉണ്ടാകുമ്പോഴെല്ലാം സംഭവസ്ഥലത്തെത്തുന്ന മന്ത്രി എല്ലാം ശരിയാണെന്ന മട്ടിൽ കാമറയ്ക്കു മുന്നിൽ പ്രതികരിക്കുകയാണ് പതിവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.