പ്രവർത്തകൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷന്റെ കാൽകഴുകുന്ന ദൃശ്യം വൈറൽ
Wednesday, June 19, 2024 1:32 AM IST
അകോല: കാറിൽനിന്നിറങ്ങുന്പോൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പഠോളെയുടെ കാലുകൾ കോൺഗ്രസ് പ്രവർത്തകൻ കഴുകിത്തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വിവാദമായി. തിങ്കളാഴ്ച അകോലയിലെ വഡെഗാവിലാണു സംഭവം.
വാഹനത്തിനു പുറത്തേക്കിറങ്ങിയ ഉടൻ പഠോളെയുടെ കാലുകളിലേക്ക് പാർട്ടി പ്രവർത്തകരിലൊരാൾ കുപ്പിയിൽനിന്നു വെള്ളമൊഴിച്ച് കൈകൾകൊണ്ടു തുടയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ചടങ്ങിൽ പങ്കെടുത്തു വന്നപ്പോൾ കാലിൽ ചെളിപറ്റിയെന്നും ടാപ്പില്ലാത്തതിനാൽ കുപ്പിവെള്ളമുപയോഗിച്ചു കഴുകിയതാണെന്നും വിവാദങ്ങളോടു പഠോളെ പ്രതികരിച്ചു.
എന്നാൽ, സ്വന്തം പാർട്ടി പ്രവർത്തകരെ പഠോളെ അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് ചിത്ര വാഗ് ആരോപിച്ചു. ദൃശ്യങ്ങൾ എക്സിൽ ബിജെപി പങ്കുവച്ചിട്ടുണ്ട്.