പട്ടാപ്പകൽ പെൺസുഹൃത്തിനെ നടുറോഡിൽ കുത്തിക്കൊന്നു
Wednesday, June 19, 2024 1:32 AM IST
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഇരുപതുകാരിയെ യുവാവ് പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി.
ഇന്നലെ രാവിലെ 8.30ന് വസായിയിലെ ചിഞ്ച്പാഡയിലാണു സംഭവം. ആരതി യാദവ് ആണ് കൊല്ലപ്പെട്ടത്. ജോലിക്കുപോയ ആരതിയെ ആൺസുഹൃത്തായ രോഹിത് യാദവ് തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞശേഷം നിരവധി തവണ കത്തികൊണ്ടു കുത്തുകയായിരുന്നു.
മൃതദേഹത്തിൽ 18 മുറിവുകളുണ്ടായിരുന്നവെന്നു പോലീസ് പറഞ്ഞു. ഇരുവരും അയൽക്കാരാണ്. ആറുവർഷമായി ഇവർ ബന്ധത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതിനുശേഷം ഇരുവരും വഴക്കിടാറുണ്ടായിരുന്നു.
യുവതിക്കുനേർക്ക് ആക്രമണമുണ്ടായിട്ടും ആരും പിടിച്ചുമാറ്റാൻ ശ്രമിച്ചില്ല. രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.