വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ വരുന്നു
സ്വന്തം ലേഖകൻ
Monday, June 17, 2024 1:10 AM IST
ന്യൂഡൽഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ് ണവ്. ഓഗസ്റ്റ് പകുതിയോടെ ട്രയൽ റണ്‍ ആരംഭിച്ച് ആറു മാസത്തിനുള്ളിൽ പൂർണമായും സർവീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. 2029 ഓടെ രാജ്യത്ത് കുറഞ്ഞത് 200 മുതൽ 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഇഎംഎൽ ലിമിറ്റഡിന്റെ ബംഗളൂരു റെയിൽ യൂണിറ്റാണ് ട്രെയിൻസെറ്റ് നിർമിക്കുന്നത്. സ്ലീപ്പർ റാക്കുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിലുള്ള വന്ദേഭാരത് ട്രെയിനുകളിൽ സിറ്റിംഗ് മാത്രമാണുള്ളത്. ദീർഘദൂര യാത്രക്കാർക്ക് മികച്ച നിലവാരമായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഒരുക്കുന്നത്.
2029 ഓടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭ്യമാക്കാനുള്ള ശ്രമമാണ് റെയിൽവേ മന്ത്രാലയം നടത്തുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.