കെ.ജി. പൗലോസിന് കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ പുരസ്കാരം
Monday, June 17, 2024 1:10 AM IST
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023ലെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസലറും സംസ്കൃത പണ്ഡിതനുമായ ഡോ.കെ.ജി. പൗലോസിനു ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. മധ്യകാല ക്ലാസിക്കൽ വിഭാഗത്തിലെ സംഭാവനകൾക്കാണ് അംഗീകാരം.
ഉണ്ണി അമ്മയന്പലം എഴുതിയ "അൽഗോരിതങ്ങളുടെ നാട്'എന്ന കുട്ടികളുടെ നോവലിനാണ് മലയാളത്തിൽനിന്നുള്ള ബാലസാഹിത്യ പുരസ്കാരം. യുവ എഴുത്തുകാർക്കുള്ള യുവപുരസ്കാരം മലയാളത്തിൽനിന്ന് ആർ. ശ്യാം കൃഷ്ണൻ എഴുതിയ "മീശക്കള്ളൻ' എന്ന ചെറുകഥാസമാഹാരം നേടി.
സംസ്കൃതഭാഷാ വിദഗ്ധനായ ഡോ. പൗലോസ് ഇംഗ്ലീഷിലും മലയാളത്തിലുമായി 20 പുസ്തകങ്ങളുടെ കർത്താവാണ്. 50 പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുമുണ്ട്. കേരള സംസ്കൃത അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.