പവൻ കല്യാൺ ആന്ധ്ര ഉപമുഖ്യമന്ത്രി
Saturday, June 15, 2024 1:19 AM IST
അമരാവതി: ജനസേന നേതാവ് പവൻ കല്യാണിനെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായി നിയമിച്ചു. പഞ്ചായത്തിരാജ്, ഗ്രാമവികസനം, വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക, ഗ്രാമീണ ജലസേചന വകുപ്പുകളും പവൻ കല്യാൺ കൈകാര്യം ചെയ്യും.
ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിന് മാനവശേഷി വികസനം, ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ വകുപ്പുകൾ ലഭിച്ചു. 2014-2019 കാലത്ത് ലോകേഷ് ഐടി മന്ത്രിയായിരുന്നു. അനിത വംഗലപുഡിയാണ് ആഭ്യന്തരമന്ത്രി. ചന്ദ്രബാബു നായിഡു ഉൾപ്പെടെ 20 മന്ത്രിമാർ ടിഡിപിക്കാരാണ്.
ജനസേനയിൽനിന്ന് മൂന്നും ബിജെപിയിൽനിന്ന് ഒരു മന്ത്രിയുമുണ്ട്. മന്ത്രിസഭയിൽ 17 പേർ പുതുമുഖങ്ങളാണ്. എട്ടു പേർ മുന്പ് മന്ത്രിമാരായി പരിചയമുള്ളവരാണ്. പിന്നാക്ക വിഭാഗത്തിൽനിന്ന് എട്ടു മന്ത്രിമാരുണ്ട്. ഒരു മുസ്ലിമും രണ്ടു പട്ടികജാതിക്കാരും ഒരു പട്ടികവർഗക്കാരനും മന്ത്രിസഭയിൽ ഇടം കണ്ടു.