ബിജെപിയെ വിമർശിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ
Saturday, June 15, 2024 1:19 AM IST
ജയ്പുർ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ ബിജെപിയെ വിമർശിച്ച് ഉന്നത ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ. അഹങ്കാരികളെ ശ്രീരാമൻ 240 സീറ്റിൽ ഒതുക്കിയെന്ന് ഇന്ദ്രേഷ്കുമാർ പറഞ്ഞു.
ജയ്പുരിനടുത്ത് കനോട്ടയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനെ എതിർത്തതുകൊണ്ടാണ് പ്രതിപക്ഷസഖ്യം രണ്ടാം സ്ഥാനത്തായതെന്നും ഇന്ദ്രേഷ്കുമാർ പറഞ്ഞു.
“രാമനെ ആരാധിച്ചിരുന്നവർ ക്രമേണ അഹങ്കാരികളായി മാറി. ആ പാർട്ടി ഇന്ന് ഏറ്റവും വലിയ പാർട്ടിയാണെങ്കിലും രാമൻ അവരെ 240ൽ ഒതുക്കി. രാമനിൽ വിശ്വാസമില്ലാത്തവരെല്ലാം ഒന്നിച്ചു ചേർന്നെങ്കിലും അവരെ 234ൽ ഒതുക്കി”-ഇന്ദ്രേഷ്കുമാർ പറഞ്ഞു.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും കഴിഞ്ഞദിവസം ബിജെപി നേതൃത്വത്തെ പരസ്യമായി വിമർശിച്ചിരുന്നു.