സുനേത്ര പവാർ രാജ്യസഭയിലേക്ക്
Friday, June 14, 2024 3:19 AM IST
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്. ഇന്നലെ സുനേത്ര എൻസിപി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ സുനേത്ര പരാജയപ്പെട്ടിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ ആണ് സുനേത്രയെ പരാജയപ്പെടുത്തിയത്.
മന്ത്രി ഛഗൻ ഭുജ്ബലിനു രാജ്യസഭാ സീറ്റിൽ നോട്ടമുണ്ടായിരുന്നു. സുനേത്ര മത്സരിക്കാനെത്തിയതോടെ ഭുജ്ബൽ പിന്മാറി. നേരത്തേ നാസിക് ലോക്സഭാ മണ്ഡലത്തിൽനിന്നു മത്സരിക്കാനും ഭുജ്ബൽ താത്പര്യപ്പെട്ടിരുന്നു.
എന്നാൽ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പാർട്ടിക്കാണു സീറ്റ് ലഭിച്ചത്. ഉദ്ധവ്പക്ഷ സ്ഥാനാർഥിയാണു നാസിക്കിൽ വിജയിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു രാജ്യസഭാ സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക.