മധ്യപ്രദേശിൽ 66 നഴ്സിംഗ് കോളജുകൾ അടച്ചുപൂട്ടി
Wednesday, May 29, 2024 1:44 AM IST
ഭോപ്പാൽ: ഹൈക്കോടതി നിർദേശത്തെത്തുടർന്ന് മധ്യപ്രദേശിലെ 66 നഴ്സിംഗ് കോളജുകൾ സംസ്ഥാന സർക്കാർ അടച്ചുപൂട്ടി. നഴ്സിംഗ് കോളജുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള സിബിഐ അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ ദൃശ്യമായതോടെയാണു നടപടി.
31 ജില്ലകളിലായി പ്രവർത്തിക്കുന്ന കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പ്രകടമാണ്. ചില കോളജുകൾ രേഖകളിൽ മാത്രം പ്രവർത്തിക്കുന്നതുമാണ്.
അടച്ചുപൂട്ടൽ ഇപ്പോഴുള്ള വിദ്യാർഥികളെ ഒരുതരത്തിലും ബാധിക്കരുതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നൽകിയിട്ടുണ്ട്. വീണ്ടും പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം വരെ വിദ്യാർഥികൾക്കു നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.