പ്രധാനമന്ത്രി ആകാനില്ല, ഞങ്ങളുടേത് ചെറിയ പാർട്ടി: കേജരിവാൾ
Thursday, May 23, 2024 1:57 AM IST
ന്യൂഡൽഹി: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയാകാൻ ഉദ്ദേശ്യമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തങ്ങളുടെ പാർട്ടിയായ എഎപി ചെറിയ പാർട്ടിയാണെന്നും വെറും 22 സീറ്റുകളിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുമോ എന്ന ചോജ്യത്തിന്, അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ജൂൺ നാലിനു ശേഷം തങ്ങൾ കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കേജരിവാൾ പറഞ്ഞു.
നിലവിലുള്ള ഏകാധിപത്യത്തിൽനിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും.
ഇന്ത്യാ സഖ്യം 300 സീറ്റിലേക്കു കുതിക്കുകയാണ്. മികച്ചതും സുസ്ഥിരവുമായ ഭരണം ഇന്ത്യാ മുന്നണി നടത്തും- കേജരിവാൾ കൂട്ടിച്ചേർത്തു.