ഇറേനിയൻ പ്രസിഡന്റിന്റെ മരണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
Tuesday, May 21, 2024 2:06 AM IST
ന്യൂഡൽഹി: ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇബ്രാഹിം റെയ്സി ചെയ്ത സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുന്നതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഇറാനിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാന്റെയും വിയോഗം ഞെട്ടലുണ്ടാക്കിയാതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എക്സിൽ കുറിച്ചു.
അവരോടൊപ്പം നിരവധി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചെന്നും ഈ സമയത്ത് ഇറേനിയൻ ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റെയ്സിയോടുള്ള ആദരസൂചകമായി ഇന്ത്യ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.